---
title: "കാണാതായ 12 വയസുകാരന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി"
english_title: "Missing Case: Body of 12-Year-Old Found in Vattakayal"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/378952/bilal-missing-body-found-vattakayal-kerala`"
published_at: "2026-08-17T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a830b08d52dc_1000718665.jpg"
keywords: ["Bilal Missing", "Kerala Student Death", "Vattakayal", "Fire Force Rescue", "Child Drowning"]
---

# കാണാതായ 12 വയസുകാരന്റെ മൃതദേഹം കായലിൽ നിന്ന് കണ്ടെത്തി

> **Lead Summary:** കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ മൂന്ന് ദിവസമായി കാണാതായിരുന്ന 12 വയസുകാരന്റെ മൃതദേഹം വട്ടക്കായലിൽ നിന്ന് കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ് - ഷെമീം ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്.

## Article Content

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ മൂന്ന് ദിവസമായി കാണാതായിരുന്ന 12 വയസുകാരന്റെ മൃതദേഹം വട്ടക്കായലിൽ നിന്ന് കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറയ്ക്കൽ വീട്ടിൽ നൗഷാദ് - ഷെമീം ദമ്പതികളുടെ മകൻ ബിലാൽ ആണ് മരിച്ചത്.

ശനിയാഴ്ച വൈകുന്നേരമാണ് ബിലാലിനെ കാണാതായത്. പടനായർകുളങ്ങര തെക്ക് ഗവ. വെൽഫെയർ യു.പി സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർഥിയാണ്. ഫുട്ബോൾ കളിക്കാൻ പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷണം ആരംഭിക്കുകയായിരുന്നു.

കുട്ടിയുടെ സൈക്കിൾ, ചെരുപ്പ്, ചില വസ്ത്രങ്ങൾ എന്നിവ കന്നേറ്റി കായലിലെ വള്ളംകളി പവലിയന് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. കായലിന് സമീപത്തുകൂടി സൈക്കിളിൽ ബിലാൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചതോടെ കന്നേറ്റി കായലിൽ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തി.

ശനി, ഞായർ ദിവസങ്ങളിൽ പോലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി അഗ്നിരക്ഷാ സേനയുടെ സ്കൂബാ സംഘവും മുങ്ങൽ വിദഗ്ധരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പുരോഗതി ഉണ്ടായത്.

ഇന്ന് രാവിലെ 7.50 ഓടെ വട്ടക്കായലിലെ കൊതിമുക്ക് പാലത്തിന് സമീപത്ത് നിന്നാണ് ബിലാലിന്റെ മൃതദേഹം കണ്ടെത്തിയത്. 

സഹോദരി: മുഹ്സിന. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/378952/bilal-missing-body-found-vattakayal-kerala`)